ഈ ചുവരിലുണ്ട് കവികളും കാവ്യഭംഗിയും

Press Report

ന്യൂഡൽഹി

: മലയാളഭാഷയും കവിത്രയങ്ങളും കാവ്യഗാഥകളുമൊക്കെ കേരളത്തിലെ കുട്ടികൾക്കുപോലും അപരിചിതമായിക്കൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടത്തിൽ മാതൃമലയാളത്തിന്റെ മഹിമ കുട്ടികളിൽ ഹൃദിസ്ഥമാക്കാൻ സ്കൂൾ ചുവരുകൾ കാൻവാസാക്കി മാറ്റുകയാണ് വികാസ്‌പുരി കേരള സ്കൂൾ അധികൃതർ. എഴുത്തച്ഛനെയും ചെറുശ്ശേരിയെയും കുഞ്ചൻ നമ്പ്യാരെയുമൊക്കെ പുസ്തകത്താളുകൾ മറിക്കുന്ന വേഗത്തിൽ കുട്ടികൾ വിസ്മരിക്കാതിരിക്കാൻ സ്കൂളിലെ ചുവരുകളിൽ പ്രാചീന-ആധുനിക കവിത്രയങ്ങളുടെ ജീവസുറ്റ ചിത്രങ്ങളാണ് സ്കൂൾ അധികൃതർ ഒരുക്കിയിരിക്കുന്നത്. ആശയവിനിമയത്തിനപ്പുറം മലയാളി സമൂഹത്തിന്റെ തനിമയും സ്വത്വബോധവും പ്രതിഫലിക്കുന്ന സംസ്കാരാനുഭവവും ഈ ചിത്രങ്ങൾ കാഴ്ചക്കാർക്ക് സമ്മാനിക്കുന്നു.

പാലക്കാട് മണ്ണൂർ സ്വദേശിയായ ചിത്രകാരൻ മണികണ്ഠൻ ആചാരിയാണ് (കണ്ണൻ) അക്രലിക് പെയ്ന്റിൽ ഗംഭീരചിത്രങ്ങൾ തീർത്തത്. ചിത്രകലയിൽ പ്രായോഗിക പരിശീലനം ലഭിക്കാത്തയാളാണ് മണികണ്ഠൻ. എന്നാൽ, ആ പരിമിതകൾക്കൊക്കെ അപ്പുറമാണ് ചിത്രങ്ങളുടെ മികവ്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ, കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ, ഉള്ളൂർ പരമേശ്വര അയ്യർ, പൂന്താനം, ചങ്ങമ്പുഴ, ഉണ്ണായി വാര്യർ തുടങ്ങിയവരുടെ ചിത്രങ്ങളാണ് നിലവിൽ പൂർത്തിയായിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം കവികൾ ജീവിച്ചിരുന്ന കാലഘട്ടം, അവരുടെ പ്രസിദ്ധമായ കവിതകളിലെ ഈരടികൾ എന്നിവയും ആലേഖനം ചെയ്തിട്ടുണ്ട്.

സ്കൂളിന്റെ മുന്നിലായുള്ള കൂറ്റൻ തൂണിൽ 22 അടി നീളത്തിൽ മഹാത്മാഗാന്ധിയുടെയും സ്വാമി വിവേകാനന്ദന്റെയും കൂറ്റൻ ചിത്രങ്ങളും മണികണ്ഠൻ തീർത്തിട്ടുണ്ട്. ഒരു കൈയിൽ ഭഗവദ്‌ ഗീതയും മറുകൈയിൽ ഊന്നുവടിയുമായി നിൽക്കുന്ന മഹാത്മാഗാന്ധിയുടെ ചിത്രം കണ്ണിന് വിരുന്നു തന്നെയാണ്.

പാഠപുസ്തകളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾക്കു പുറമേ മലയാള ഭാഷയുടെ ആചാര്യന്മാരെക്കുറിച്ച് കുട്ടികളിൽ കൂടുതൽ അവബോധമുണ്ടാക്കാനാണ് സ്കൂളിലെ ചുവരുകൾ കാൻവാസാക്കിയതെന്ന് സ്കൂൾ പ്രിൻസിപ്പൽ ജയന്തി ആർ. ചന്ദ്രൻ പറഞ്ഞു. കുട്ടികളിലെ ഓർമകളിൽ എന്നും മായാതെ ഈ ചിത്രം നിലനിൽക്കുമെന്ന് സ്കൂൾ മാനേജിങ് കമ്മിറ്റി മെമ്പർ സുരേഷ് കുമാർ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തനത് കലാരൂപങ്ങൾ, കായികവിനോദങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും സ്കൂളിന്റെ മറ്റ് ചുവരുകളിൽ ഉടൻ വരയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികൾക്കു മലയാളം അറിയില്ല എന്നു പറയുന്നത് അഭിമാനമായി കരുതിയിരുന്ന പ്രവാസി മനുഷ്യരെ ഒരുകാലത്തു വ്യാപകമായി കാണാൻ കഴിയുമായിരുന്നു. എന്നാൽ, പുതുതലമുറയെ മലയാളം പരിശീലിപ്പിക്കാൻ ആത്മാർഥമായി ശ്രമിക്കുന്ന മലയാളികളെയാണ് ഇന്നു ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും കാണാനാവുക. പുതിയ കാലത്ത് ലോകത്തെമ്പാടും അസ്തിത്വപ്രശ്‌നം വ്യാപകമായി ചർച്ച ചെയ്യപ്പെടുമ്പോൾ, നാം ലോകത്തിൽ എവിടെ എത്തിപ്പെട്ടാലും നമ്മുടെ വേരുകൾ കേരളത്തിൽത്തന്നെയാണ് എന്നു പറഞ്ഞുറപ്പിക്കുന്നതിന്റെ ഭാഗമാണത്. വികാസ്‌പുരി കേരള സ്കൂളിന്റെ ചുവരിലെ ചിത്രങ്ങളും ഈ ആശയം തന്നെയാണ് പകർന്നുനൽകുന്നത്.